Monday, December 14, 2009

പൊക്കന്റെ കഥ

പൊക്കന്റെ കഥ
തുറന്ന ആകാശമേലാപ്പില്‍ ഒറ്റപ്പെട്ട നക്ഷത്രങ്ങള്‍ കണ്ണുചിമ്മുന്നുണ്ടായിരുന്നു. ഇടക്ക്‌ ഒന്നോ രണ്ടോ കൊള്ളിമീനുകള്‍ ആകാശവിശാലതയിലൂടെ ഒരു മിന്നല്‍ പോലെ ഊളിയിട്ടു. നദിയിലെ കുഞ്ഞോളങ്ങളുടെ മൃദുസ്വരം മാത്രമേ ഇരുട്ടിലെ നിശബ്ദതയെ ഭേദിക്കാനുണ്ടായിരുന്നുള്ളൂ. പ്രഭാതം വിരിയാന്‍ ഇനിയും ആറുനാഴിക ബാക്കിയുണ്ട്‌. പൊക്കനും പെണ്ണം കടവിലെത്തിയിട്ട്‌ കുറച്ചുനേരമായി. മുലകുടി മാറാത്ത കുഞ്ഞ്‌ പെണ്ണിന്റെ മാറില്‍ ഒട്ടിക്കിടപ്പുണ്ട്‌. പൊക്കന്‍ വെള്ളത്തിലേക്കിറങ്ങി. കുളിര്‍ ജലത്തില്‍ ന്നായൊന്ന്‌ മുഖംകഴുകി. പുഴക്കക്കരെയുള്ള പെണ്ണിന്റെ പുരയിലേക്ക്‌ പോകണം. അക്കരെകടവില്‍ കൊതുമ്പുവള്ളമുണ്ട്‌. പുഴ മുറിച്ച്‌ നീന്തിക്കടന്ന്‌ അതുമായി തിരിച്ചെത്തണം. പകല്‍വെട്ടത്തില്‍ പൊലയന്‌ തോണി യാത്ര പാടില്ലാത്തതാണ്‌. അതുകൊണ്ട്‌ തന്നെ നേരം പുലരുന്നതിന്‌ മുമ്പ്‌ പെണ്ണിനെയും കുഞ്ഞിനെയും അക്കരെ പുരയിലെത്തിക്കണം. പെണ്ണിന്റെ തള്ള ചത്ത വിവരമറിഞ്ഞ്‌ നാലുനാളായിട്ടും പോകാനായില്ല. കൈക്കോറുടെ കണ്ടത്തില്‌ ഇപ്പോഴും പണി തീര്‍ന്നിട്ടില്ല. പെണ്ണിന്റെ കരച്ചില്‌ സഹിക്കാനാവുന്നില്ല, അതാപുറപ്പെട്ടത്‌. തണുത്തവെള്ളം ശരീരത്തില്‍ തട്ടിയപ്പോള്‍ പൊക്കന്‌ കുളിരുകോരി. പുഴക്കരയിലേക്ക്‌ ഊര്‍ന്നിറങ്ങിയ കാട്ടുമരത്തിന്റെ വേരിലിരുന്ന്‌ ഉറക്കമുണര്‍ന്ന കുഞ്ഞിന്‌ പെണ്ണ്‌ മുലകൊടുത്തു. ഇടക്കിടെ പുഴയിലെ കുഞ്ഞോളങ്ങളെ തഴുകിയെത്തിയ നേര്‍ത്ത കാറ്റിന്‌ കൈപ്പാട്ടിലെ ചേറിന്റെ മണമായിരുന്നു. കുറച്ചുനേരത്തിനകം വള്ളവുമായി പൊക്കന്‍ കരക്കെത്തി. തുഴ താഴെ വെച്ച്‌ ഉടുത്തിരുന്ന തോര്‍ത്ത്‌ മുണ്ടഴിച്ച്‌ പിഴിഞ്ഞുടുത്തു. പെണ്ണിനെ കൈപിടിച്ച്‌ സാവധാനം വെള്ളത്തിലേക്കിറക്കി. പെട്ടെണ്ണാണ്‌ വയല്‍വരമ്പില്‍ പ്രത്യക്ഷപ്പെട്ട റാന്തല്‍ വിളക്കിന്റെ വെട്ടം പൊക്കന്റെ ദൃഷ്ടിയില്‍പ്പെട്ടത്‌. ഒരു നിമിഷം...., പൊക്കന്‍ പെണ്ണിനെയും കൊണ്ട്‌ കരയിലേക്ക്‌ പാഞ്ഞുകയറി. തൊട്ടടുത്ത കണ്ടല്‍ക്കാട്ടിനുള്ളിലേക്ക്‌ വലിഞ്ഞുകയറി പതുങ്ങിയിരുന്നു. പുഴക്കരയിലെത്തി സംഘത്തെ കണ്ട്‌ പെണ്ണും പൊക്കനും ഭയന്നുവിറച്ചു. ഇല്ലത്തെ തമ്പുരാണ്‌. കൈക്കോറും കാര്യസ്ഥനും ഒപ്പമുണ്ട്‌. കരയ്‌ക്കടുപ്പിച്ച വള്ളം കണ്ടപ്പോള്‍ തമ്പുരാണ്‌ സന്തോഷമായി. കാര്യസ്ഥന്‍ വെള്ളത്തിലേക്കിറങ്ങി വള്ളം കുറെക്കൂടി കരക്കടുപ്പിച്ചു. പെട്ടെന്നാണ്‌ തൊട്ടടുത്ത കാട്ടിലൊരനക്കം കേട്ടത്‌ ഒപ്പം കുഞ്ഞിന്റെ കരച്ചിലും. `ആരെടാ അത്‌' തമ്പുരാനും കാര്യക്കാരും ഒരുമിച്ചലറി. ഭയന്നുവിറച്ച പൊക്കന്‌ ശബ്ദം പുറത്തേക്കുവന്നില്ല. കാര്യസ്ഥന്‍ റാന്തലുമായി കാട്ടിനടുത്തേക്ക്‌ സാവധാനം നടന്നടുത്തു. പൊക്കനും പെണ്ണും കാട്ടിനുള്ളില്‍ പുറത്തേക്കുവന്നു. `തീണ്ടിയല്ലോ തമ്പ്രാനെ....' കാര്യസ്ഥന്‍ നിലവിളിച്ചുകൊണ്ട്‌ പിറകോട്ട്‌ മാറി. ഏതാനും ദൂരത്ത്‌ നിന്നിരുന്ന നമ്പൂതിരിയും അല്‍പം പിന്നോക്കം നിന്നു. പൊക്കന്റെ പിറകില്‍ പതുങ്ങിനില്‍ക്കുന്ന പെണ്ണിനെ അപ്പോഴാണ്‌ നമ്പൂതിരി ശ്രദ്ധിച്ചത്‌. `പുലയന്റെ പിറകിലാരാ ഇങ്ങ്‌ട്ട്‌ മാറി നില്‍ക്കാന്‍ പറയ്യ...' നമ്പൂതിരി കല്‍പിച്ചു. പെണ്ണ്‌ കുഞ്ഞിനെയും ചേര്‍ത്തുപിടിച്ച്‌ ദൂരേക്ക്‌ മാറിനിന്നു. നമ്പൂതിരിയുടെ ചുണ്ടില്‍ ഒരു പുഞ്ചിരി മിന്നിമറിഞ്ഞു. പെണ്ണിന്റെ കയ്യില്‍ നിന്ന്‌ കുഞ്ഞിനെ വാങ്ങാന്‍ പൊക്കനോട്‌ കാര്യസ്ഥന്‍ ആജ്ഞാപിച്ചു. കുഞ്ഞ്‌ ഉറക്കെ കരഞ്ഞുതുടങ്ങി. പെണ്ണും നിശബ്ദമായി കരഞ്ഞു. നമ്പൂതിരിക്കും കാര്യസഥനും പിന്നാലെ പെണ്ണ്‌ വള്ളത്തില്‍ കയറുന്നത്‌ കണ്ട പൊക്കന്റെ നെഞ്ചൊന്ന്‌ കാളി. വള്ളം പടിഞ്ഞാറ്‌ ദിശയിലേക്ക്‌ നീങ്ങി. വെള്ളത്തില്‍ തുഴ പതിക്കുന്ന ശബ്ദം അലിഞ്ഞില്ലാതായപ്പോള്‍ ഇരുട്ടിലേക്ക്‌ നോക്കി പൊക്കന്‍ നിലവിളിച്ചു. പുലരാന്‍ ഇനി രണ്ട്‌ നാഴിക കൂടി ബാക്കിയുണ്ട്‌. പൊക്കന്‍ കണ്ണുതുടച്ചു. കരഞ്ഞ്‌ തളര്‍ന്ന്‌ നെഞ്ചില്‍ പറ്റിക്കിടക്കുന്നുറങ്ങുന്ന കുഞ്ഞുമായി പുഴയിലേക്കിറങ്ങി. പിന്നെ പുഴയുടെ ആഴപ്പരപ്പിലേക്ക്‌ നടന്നിറങ്ങി...തുറന്ന ആകാശമേലാപ്പില്‍ ഒറ്റപ്പെട്ട നക്ഷത്രങ്ങള്‍ കണ്ണുചിമ്മുന്നുണ്ടായിരുന്നു. പുഴയിലെ കുഞ്ഞോളങ്ങളെ തഴുകിയെത്തിയ കാറ്റിന്‌ അപ്പോള്‍ ചേറിന്റെ മണമായിരുന്നില്ല.